ഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.(Dr. Vandana das murder case; kerala government submitted report on supreme court against accused sandeep)
സന്ദീപ് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള വ്യക്തിയാണ്, ഇയാൾ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും അറിയിച്ചുകൊണ്ടാണ് സർക്കാർ ചൂണ്ടിക്കാട്ടി. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സന്ദീപിന്‍റെ മാനസിക നിലയ്ക്ക് തകരാറില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. നാളെ സന്ദീപിന്റെ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി സന്ദീപ് ഡോക്ടർ വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു.