തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്ത മാസം വിരമിക്കാനിരിക്കെ ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാൻ സാധ്യത.
എൻ പ്രശാന്ത് ഉൾപ്പെട്ട ഐഎഎസുകാരുടെ പോരിൽ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്.
കേരള കേഡറിലുള്ള ഐഎഎസുകാരിൽ, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി തുടരാൻ താൽപ്പര്യപ്പെട്ടിരുന്നില്ല. എന്നാൽ രാജസ്ഥാൻ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാൻ താൽപ്പര്യപ്പെടുന്നുണ്ടോയെന്ന് സർക്കാർ വീണ്ടും വ്യക്തത വരുത്തും.
ഡോ. ജയതിലക്, പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാർ.
എന്നാൽ കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിൽ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാൽ രാജു നാരായണ സ്വാമിക്ക് ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്.
ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാൽ 2026 ജൂൺ വരെ അദ്ദേഹത്തിന്കാലാവധിയുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും ഈ മാസം 31 ന് വിരമിക്കും.
ശാരദ മുരളീധരൻ, ഇഷിത റോയി എന്നിവർക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി ഈ വർഷം സർവീസിൽ നിന്നും വിരമിക്കും. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഏപ്രിൽ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് മെയ് 31നുമാണ് വിരമിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഡോ. വിശ്വാസ് മേത്ത, മുഹമ്മദ് റിയാസുദ്ദീൻ, പി കെ മൊഹന്തി എന്നീ മൂന്നുപേർ മാത്രമാണ് മലയാളികളല്ലാത്ത ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുള്ളത്.