ശരീരം ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്
ശരീരത്തിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻ ഗൂഗിളിൽ തിരഞ്ഞ് രോഗലക്ഷണങ്ങൾ പരിശോധിക്കുന്നത് ഇന്ന് പലരുടെയും പതിവായി മാറിയിരിക്കുകയാണ്.
ചില അടിയന്തര ആരോഗ്യസാഹചര്യങ്ങളിൽ ഓരോ നിമിഷവും ജീവൻ രക്ഷിക്കാൻ നിർണായകമാകാം. അതുകൊണ്ടു തന്നെ ചില ലക്ഷണങ്ങൾ കണ്ടാൽ ഓൺലൈനിൽ ഉത്തരങ്ങൾ തേടി സമയം കളയാതെ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇതുവരെ അനുഭവിക്കാത്ത വിധത്തിലുള്ള കടുത്ത തലവേദന പെട്ടെന്ന് തുടങ്ങുകയാണെങ്കിൽ അതു അവഗണിക്കരുത്.
തലച്ചോറിലെ രക്തസ്രാവം, ബ്രെയിൻ അന്യൂറിസം, അല്ലെങ്കിൽ തലച്ചോറിലെ വീക്കം തുടങ്ങിയ ഗുരുതര അവസ്ഥകളുടെ ലക്ഷണമായിരിക്കാം ഇത്. ഇങ്ങനെയുണ്ടായാൽ അടിയന്തരമായി ആശുപത്രിയിൽ എത്തേണ്ടതാണ്.
ശരീരത്തിൽ പെട്ടെന്ന് തളർച്ച, മരവിപ്പ്, ആശയക്കുഴപ്പം, സംസാരത്തിൽ തടസം, മുഖം കോടുക, കൈയോ കാലോ പ്രവർത്തനരഹിതമാകുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് പക്ഷാഘാതത്തിന്റെ (സ്ട്രോക്ക്) മുന്നറിയിപ്പാകാം.
ഇത്തരം സാഹചര്യങ്ങളിൽ ഓരോ മിനിറ്റും അതീവപ്രധാനമാണ്. സമയബന്ധിതമായ ചികിത്സ ലഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.
പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയോ, ആ വേദന കൈകൾ, താടിയെല്ല്, പുറം ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് പടരുകയോ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അമിതവിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കൂടെയുണ്ടാകുകയോ ചെയ്താൽ ഒട്ടും താമസിക്കരുത്.
ഇവ ഹൃദയാഘാതത്തിന്റെ സൂചനകളാകാം. ഇത്തരം സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുന്നതിന് പകരം ഉടൻ ആംബുലൻസ് സഹായം തേടുന്നതാണ് ജീവൻ രക്ഷിക്കുന്ന വഴി.
കാഴ്ചയിൽ പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കേണ്ട ഒരു അടിയന്തര ലക്ഷണമാണ്. ഒരുകണ്ണിലോ രണ്ടുകണ്ണിലോ പെട്ടെന്ന് കാഴ്ച മങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അത് സ്ട്രോക്ക് അല്ലെങ്കിൽ റെറ്റിനൽ ഡിറ്റാച്ച്മെന്റ് പോലുള്ള ഗുരുതര പ്രശ്നങ്ങളുടെ സൂചനയാകാം. ഇത് ‘നാളെ ഡോക്ടറെ കാണാം’ എന്ന് മാറ്റിവയ്ക്കാവുന്ന പ്രശ്നമല്ല.
(ശരീരം ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്)
കടുത്ത വയറുവേദനയും പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ്. അപ്പെൻഡിസൈറ്റിസ്, ആന്തരാവയവങ്ങളിൽ തടസം, അവയവ തകരാർ തുടങ്ങിയവ മൂലമാകാം ഈ വേദന.
അതുപോലെ ചുമയ്ക്കുമ്പോൾ രക്തം വരിക, രക്തം ഛർദിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉടൻ വൈദ്യസഹായം ആവശ്യപ്പെടുന്നവയാണ്.
ആത്മഹത്യ ചിന്തകളും ഒരു മാനസിക അടിയന്തരാവസ്ഥയാണ്. ഇതിന് ഓൺലൈൻ ഉത്തരങ്ങളില്ല. ഇത്തരമൊരു അവസ്ഥയുണ്ടെങ്കിൽ ഉടൻ കുടുംബാംഗങ്ങളോടോ ആരോഗ്യപ്രവർത്തകരോടോ സംസാരിക്കുകയും വിദഗ്ധ സഹായം തേടുകയും വേണം.
ഇന്റർനെറ്റ് പൊതുവായ വിവരങ്ങൾ നൽകുമെങ്കിലും രോഗനിർണയം നടത്താനോ ശാരീരിക പരിശോധനയ്ക്കോ അതിന് കഴിയില്ല.
അടിയന്തര സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരഞ്ഞ് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് ജീവൻ നഷ്ടപ്പെടുകയോ സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകുകയോ ചെയ്യാൻ ഇടയാക്കാം.
ഒരു ലക്ഷണം പെട്ടെന്നുണ്ടായതാണെങ്കിൽ, അതീവ ഗുരുതരമാണെങ്കിൽ, അല്ലെങ്കിൽ മുമ്പൊരിക്കലും അനുഭവിക്കാത്തതാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക — അതാണ് ശരിയായ തീരുമാനം.









