ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ ക്ഷീണത്തിലെത്തിയ രാജസ്ഥാനു വേണ്ടി നായകന്‍ സഞ്ജു കസറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കാനായത്. 15 പന്തില്‍ 18 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
സഞ്ജു പുറത്തായ ഷോട്ടാണ് ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത്. നതാന്‍ ഇല്ലിസിന്റെ അല്‍പ്പം ബൗണ്‍സ് നിറഞ്ഞ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിന് പിഴച്ചു. രാഹുല്‍ ചഹാറിന് അനായാസ ക്യാച്ച് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായി മാറിയിരിക്കുകയാണ്. നായകന്റെ ഇന്നിങ്‌സ് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് തുലക്കുന്നത്.
പ്ലേ ഓഫില്‍ രാജസ്ഥാന്‍ സീറ്റുറപ്പിച്ചെങ്കിലും ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തിൽ രാജസ്ഥാന് ആവര്‍ത്തിക്കാനാവാത്തത് ടീമിന് വലിയ തലവേദനയായി മാറിയേക്കും. ബട്‌ലറുടെ അഭാവവും രാജസ്ഥാന് തിരിച്ചടിയാകുമെന്ന് നിസംശയം പറയാം.
ഇത്തവണ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മൂന്ന് മത്സരവും തോറ്റ രാജസ്ഥാന്‍ പഞ്ചാബിനെതിരേ അഭിമാന ജയം തേടിയാണ് ഇറങ്ങിയത്. ജോസ് ബട്‌ലറിന് പകരം യശ്വസി ജയ്‌സ്വാളും ടോം കോഹ്ലര്‍ കാഡ്‌മോറും ചേര്‍ന്നാണ് രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്ത് ബൗണ്ടറി പറത്തിയ യശ്വസി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ത്തന്നെ മടങ്ങി.