കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടന്ന പോലീസ്. സ്ഫോടനം നടത്തിയെന്ന് അവകാശപ്പെടുന്ന ഡൊമനിക്ക് മാർട്ടിൻ സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്യുകയാണ് പോലീസ്. അതിൽ ഏറ്റവും പ്രധാനം സ്ഫോടനം നടത്തിയതിന് ശേഷം കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത് വരെ ഡൊമനിക് എന്ത് ചെയ്തു എന്നറിയുക. നിലവിൽ ലഭിച്ചിരിക്കുന്ന മൊഴി പ്രകാരം സ്ഫോടനം നടക്കുന്ന ഹാളിലെ ഏറ്റവും പിന്നിലാണ് ഡൊമനിക്ക് ഇരുന്നത്. സ്ഫോടനം നേരിട്ട് കണ്ടു. സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ദേശിയ പാതയിലൂടെ തൃശൂർ ഭാഗത്തേയ്ക്ക് പോയി. സ്ഫോടനം നടത്തിയത് എല്ലാവരേയും അറിയിക്കാൻ ഫെയ്സ്ബുക്ക് ലൈവ് നൽകാൻ തീരുമാനിച്ചു. ഇതിനായി ശബ്ദ ശല്യമില്ലാത്ത ഒരു സ്ഥലം തിരക്കി നടന്നു. ചാലക്കുടി ഭാഗത്ത് എത്തിയപ്പോൾ ലോഡ്ജിൽ മുറിയെടുത്ത് എഫ്.ബി ലൈവ് നൽകാൻ തീരുമാനിച്ചു. മിറാക്കൾ റസിഡൻസി എന്ന ലോഡ്ജിൽ മുറിയെടുത്തു. നോൺ എസി ഡീലക്സ് മുറിയാണ് തിരഞ്ഞെടുത്തത്. ഒരു ദിവസത്തെ വാടകയായ 1500 രൂപ ഗൂഗിൾ പേ ചെയ്ത് നൽകി. തിരിച്ചറിയാനായി ആധാർ കാർഡ് നൽകി. റൂം നമ്പർ 410ൽ കയറിയ ഡൊമനിക്ക് ഫെയ്സ്ബുക്ക് ലൈവ് അപ്ല്ലോഡ് ചെയ്തു. ഇതിന് വേണ്ടി വന്നത് പത്ത് മിനിറ്റ് മാത്രം. തുടർന്ന് ലോഡ്ജ് മുറി ഒഴിഞ്ഞു. ഇത്ര വേഗം റൂം ഒഴിയുന്നത് ആരും സംശയിക്കാതിരിക്കാൻ റിസപ്ഷനിസ്റ്റിനോട് നുണ പറഞ്ഞു. സുഹൃത്തുക്കൾക്ക് ആരോ ആക്സിഡന്റ് പറ്റിയെന്നാണ് നുണ പറഞ്ഞത്. ആക്സിഡന്റിൽ ആശങ്കയുണ്ടെന്ന രീതിയിൽ പരിഭ്രാന്തനായി അഭിനയിക്കുകയും ചെയ്തു. നേരത്തെ നൽകിയ 1500 രൂപ മടക്കി നൽകണമെന്നും ആവിശ്യപ്പെട്ടു. ഡൊമനിക്കിന്റെ അവസ്ഥയിൽ സംശയം ഒന്നും തോന്നാത്ത റിസപ്ഷനിസ്റ്റ് 1000 രൂപ മടക്കി നൽകി. അതും കൊണ്ട് മടങ്ങിയ ഡൊമനിക് നേരത്തെ കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ആരെങ്കിലും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ മേഖലയിലെ എല്ലാ ഫോൺ ഇൻകമ്മിങ്ങ്- ഔട്ട് ഗോയിങ്ങ് കോളുകൾ സൈബർ സെൽ പരിശോധിക്കുന്നു.
ഞായറാഴ്ച്ചത്തെ പരിശോധനയിൽ ദൂരൂഹമായി സഞ്ചരിച്ച നീല കാറിനെക്കുറിച്ചുള്ള ദുരൂഹത നീങ്ങിയെന്ന് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കാറിന്റെ നമ്പറിനെക്കുറിച്ച് വിവരം നൽകിയാൾക്ക് നമ്പർ തെറ്റിയതാണ്. യഥാർത്ഥ നീല കാറിന്റെ ഉടമയുമായി പോലീസ് സംസാരിച്ചു. അതേ സമയം സ്ഫോടന വിവരമറിഞ്ഞ് എത്തിയ എൻ.എസ്.ജി സംഘം കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നു. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം മടങ്ങിയാൽ മതിയെന്നാണ് ദില്ലിയിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദേശമെന്ന് സൂചനയുണ്ട്.