പകർച്ചപ്പനി ഉൾപ്പെടെ ബാധിച്ച രോഗികൾ ക്യൂവിൽ നിൽക്കെ സ്ഥലം മാറിപ്പോകുന്ന ഡോക്ടറുടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് ഡോക്ടർമാർ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ( കുന്നേൽ ആശുപത്രി) യിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. (Doctors attend the farewell meeting of the doctor while the patients stand in the queue)
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.45 വരെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. പകർച്ചപ്പനി പ്രദേശത്ത് പടർന്നു പിടിച്ചതോടെ ഒട്ടേറെ പനി ബാധിതരാണ് ആശുപത്രിയിലെത്തിയത്. എന്നാൽ ഒരു മണിക്കൂറിലധികം പനിച്ച് വിറച്ച് അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നിട്ടും ഡോക്ടർമാർ എത്തിയില്ല.
ഇതോടെ ഇവരിൽ പലരും കാരണം അന്വേഷിച്ചു. സ്ഥലം മാറിപ്പോകുന്ന ഡോക്ടർക്ക് യാത്രയയപ്പ് നൽകുകയാണെന്നും അതിനാലാണ് അത്യാഹിത വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതെന്നുമാണ് ജീവനക്കാർ മറുപടി നൽകിയത്. ഇതിനിടെ സ്ഥലത്ത് പ്രതിയുമായി എത്തിയ പോലീസുകാരും മടങ്ങിയതായി സൂചനയുണ്ട്.
സംഭവത്തിൽ ഡി.എം.ഒ.യ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബുദ്ധിമുട്ട് നേരിട്ട രോഗികൾ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം തേടുമെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസ് പ്രതികരിച്ചു.