മലപ്പുറം മുന്നിയൂരിലെ പുഴയിലെ അഞ്ചു പടവുകളിൽ കുളിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചായത്ത് അധികൃതര്‍. മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയായത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം എന്നും സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം എന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.