ഷിരൂർ: ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണം വന്നത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.( DNA test result positive; The dead body is Arjun’s)
ലോറിയിൽ നിന്ന് അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു. അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു.
കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ഡ്രൈവിംഗ് സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു. ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. ഇന്നലെ രാവിലെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷമാണ് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. രണ്ട് അസ്ഥിഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തി.