ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറലിലാണ് സംഭവം. നരേഷ് എന്നയാളാണ് കൂട്ടാളികളുമായെത്തി ഭാര്യയെ വെടിവെച്ചു കൊന്നത്. മകനെ പരീക്ഷയെഴുതിക്കാൻ സെൻററിൽ എത്തിയപ്പോഴാണ് യുവതിക്ക് വെടിയേറ്റത്. നരേഷും ഭാര്യ സാവിത്രിയും (35) ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഖാൻപൂരിലെ സർവോദയ വിദ്യ മന്ദിർ ഇൻറർ കൊളേജിൽ മകന് പരീക്ഷ എഴുതുന്നതിനായി എത്തിയതായിരുന്നു സാവിത്രി.
ഒരു വർഷം മുമ്പ് നരേഷുമായി പിരിഞ്ഞ സാവിത്രി കാമുകനായ സർജീത്ത് സിംഗിൻറെ കൂടെയായിരുന്നു താമസം. സാവിത്രിയുടെ മകൻ ആനന്ദും (15) മകൾ ഖുഷിയും ഇവരുടെ കൂടെയായിരുന്നു . തിങ്കളാഴ്ചയാണ് സാവിത്രിയും സുർജിത്തും ആനന്ദിൻറെ കൂടെ പരീക്ഷ എഴുതുന്നതിനായി ഖാൻ പൂരിലെത്തിയത്. ആന്ദന്ദ് പരീക്ഷയെഴുതുന്ന സമയം ഇരുവരും പുറത്ത് കാത്തിരിക്കുകയായിരുന്നു.
ഈ സമയത്താണ് നരേഷും സഹോദരനും രണ്ട് കൂട്ടാളികളും തോക്കുമായെത്തി സാവിത്രിയുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുർജീത്തിന് തോളിലും വെടിയേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാവിത്രി മരിച്ചു. സുർജീത്തിൻറെ നില ഗുരുതരമായി തുടരുകയാണ്. സാവിത്രിയുടെ കുടുംബം നൽകിയ പരാതി അടിസ്ഥാനമാക്കി നരേഷിനും കൂട്ടാളികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.