ശ്വാനൻ ഓളിയിടുന്നത് പോലെ
കൊച്ചി: നടൻ ടിനി ടോമിന് മറുപടിയുമായി എംഎ നിഷാദ്. ഇതിഹാസ താരം പ്രേം നസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയ്ക്കാണ് നിഷാദ് മറുപടി നൽകിയിരിക്കുന്നത്.
പ്രേം നസീറിന്റെ അവസാന കാലത്ത് അദ്ദേഹം സ്റ്റാർഡം നഷ്ടമായതിന്റെ നിരാശയിലായിരുന്നു എന്നാണ് ടിനി ടോം സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
വിഷമിച്ച് വിഷമിച്ചാണ് അദ്ദേഹം മരിച്ചതെന്നും ടിനി പറഞ്ഞിരുന്നു. ഇതിനെ ശക്തമായി വിമർശിക്കുകയാണ് എംഎ നിഷാദ്.
ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നിഷാദിന്റെ പ്രതികരണം. ചീപ്പ് പബ്‌ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ
അഥവാ ശുദ്ധ ഭോഷ്‌ക്ക് വിളിച്ച് പറയുന്ന വിവരദോഷി എന്നാണ് ടിനി ടോമിനെ നിഷാദ് വിളിക്കുന്നത്.
പ്രേം നസീർ അവസാന കാലത്തും തിരക്കുള്ള നടനായിരുന്നു. അതിന് പുറമെ അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഒരിക്കലും അവസരങ്ങളില്ലാത്തതിന്റെ പേരിൽ കരഞ്ഞ് ഇരുന്നിട്ടില്ലെന്നും നിഷാദ് പോസ്റ്റിൽ പറയുന്നു.
എംഎ നിഷാദിന്റെ കുറിപ്പ്
ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്. അവരിൽ ബുദ്ധിയുളളവരുണ്ട്, വിവരമുളളവരുണ്ട്, മര്യാദക്കാരും, മര്യാദകെട്ടവരുമുണ്ട്.
പക്ഷെ പബ്‌ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്‌ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുമുണ്ട്.
അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന മിമിക്രി, സ്‌കിററ്, സിനിമാപ്രവർത്തകൻ. പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല.
മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിം ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും,
അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിം ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.
മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിം ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല.
മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിം ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല.
1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു.
പൊതുപ്രവർത്തനത്തിന്റ്‌റെ തിരക്കുകളിലും,നാഷണൽ ഫിലിം,അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ.
സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും,
മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോളാണ്
(അടുർഭാസിയുടേയും, ബഹദൂറിന്റ്‌റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം. ടിം ടോം നോട്ട് ചെയ്യുമല്ലോ)
1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി” 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്.
പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റ്‌റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല.
പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു.
അത് കൊണ്ട് മിസ്റ്റർ ടിം ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക.
അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്.
ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്‌ളീഷിൽ ഷട്ട് അപ്പ് എന്ന് പറയും.
N B: അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക്, നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ. ഒരു കരുതൽ നല്ലതാ.
English Summary:
Director M.A. Nishad has responded to actor Tiny Tom’s recent remarks about legendary actor Prem Nazir. Tiny Tom had claimed on social media that Prem Nazir spent his final days disheartened over losing his stardom and died in sorrow. M.A. Nishad has strongly criticized this statement.