ദൃശ്യം 3 ക്ലൈമാക്‌സ് പൂര്‍ത്തിയാക്കി
മൂവാറ്റുപുഴ: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ഇത്രും നാൾ അതിന്റെയൊരു മാനസിക സമ്മർദത്തിലായിരുന്നുവെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജീത്തു ജോസഫ് ഇക്കാര്യം അറിയിച്ചത്.
‘ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. സിനിമയുടെ ഫസ്റ്റ്ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കി, ഇത്രയും നാളും അതിന്റെ ഒരു ടെൻഷനിലായിരുന്നു. കാരണം ‘മിറാഷ്’ എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, പിന്നീട് ‘വലതുവശത്തെ കള്ളൻ.
ഈ ഷൂട്ടിങിനിടെ എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് ഇരുന്ന് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. ഭയങ്കരമായി തളർന്നുപോയിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി’ എന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ ഈ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്’, എന്നും ജീത്തു ജോസഫ് പറഞ്ഞു.
അൽത്താഫും അനാർക്കലിയും വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷക പ്രിയ കുടുംബ ചിത്രങ്ങളിലൊന്നാണ് അൽത്താഫും അനാർക്കലി മരയ്ക്കാറും ഒന്നിച്ചഭിനയിച്ച ‘മന്ദാകിനി’. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
‘ഇന്നസെന്‍റ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ.
കൂടാതെ സോഷ്യൽ മീഡിയ വൈറൽ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘.
ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് പുറത്തുവരുന്ന വിവരം.
ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.
‘ആ സിനിമയിൽ അഭിനയിച്ചതില്‍ കുറ്റബോധം’
മോഹന്‍ലാലിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’. ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയവരിൽ ഒരാളാണ് നടന്‍ ആനന്ദ്.
ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് എത്തിയത്.
എന്നാൽ ഇപ്പോഴിതാ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ബിജു മേനോന്‍ തന്നോട് ചോദിച്ചിരുന്നതായും ആനന്ദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Summary: Director Jeethu Joseph has completed the first draft climax of Drishyam 3. He revealed that he had been under immense mental pressure and finally felt relieved after completing the writing.