കണ്ണൂര്‍: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്. പേരിലും ഒപ്പിലും വ്യത്യാസമുണ്ട്.(difference in name and signature on the complaint against naveen babu)
പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ പ്രശാന്തന്റെ കൈക്കൂലി പരാതി വ്യാജമെന്നാണ് സൂചിപ്പിക്കുന്നത്.
അതേസമയം പെട്രോള്‍ പമ്പുടമ എന്നു പറയപ്പെടുന്ന പ്രശാന്തന്‍ ബിനാമിയാണെന്നുള്ള സംശയങ്ങളുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനായ ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നുമുള്ള സംശയവും നിലനിൽക്കുന്നു.