താജ് ഹോട്ടലിൽ നിന്ന് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍ മോഷണം പോയി രണ്ടാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം!Diamond rings worth Rs 7 lakh were stolen from the Taj Hotel
മുംബൈ സ്വദേശിയും വ്യവസായിയുമായ നിഖില്‍ പ്രശാന്ത് ഷായുടെ ഭാര്യയുടെ മോതിരങ്ങളാണ് മോഷണം പോയത്.
കാസര്‍കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബേക്കലിൽ നിന്ന് ആഭരണം കാണാതായതിൽ പ്രതിസ്ഥാനത്ത് സംശയിക്കുന്നത് ജീവനക്കാരെ.
എന്നാല്‍, കൃത്യമായ വിശദീകരണം നല്‍കാന്‍ ഹോട്ടല്‍ അധികൃതരും തയാറാകുന്നില്ല. ജൂലൈ 14നാണ് നിഖില്‍ ഷായും കുടുംബവും കാസര്‍ഗോഡ് ഉദുമ കാപ്പിലുള്ള താജ് ബേക്കലിൽ താമസത്തിന് എത്തിയത്.
ഹോട്ടല്‍ അധികൃതര്‍, ആദ്യം അനുവദിച്ച മുറിയില്‍നിന്നു വൈകുന്നേരത്തോടെ മറ്റൊരു മുറിയിലേക്കു കുടുംബത്തെ മാറ്റി. എന്നാല്‍, ആദ്യം താമസിച്ച മുറിയിലെ കുളിമുറിയില്‍ നിഖില്‍ ഷായുടെ ഭാര്യ മറന്നുവച്ച നാലു വജ്രമോതിരങ്ങള്‍ എടുക്കാന്‍ ഈ മാറ്റത്തിനിടെ കഴിഞ്ഞില്ല.
മിനിറ്റുകള്‍ക്ക് ഉള്ളില്‍തന്നെ ഇതു മനസിലാക്കി പഴയ മുറിയിലെത്തി പരിശോധിച്ചെങ്കിലും മോതിരങ്ങള്‍ കണ്ടെത്താനായില്ല. മുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാർ ആ സമയം അവിടെ ഉണ്ടായിരുന്നു.
മോഷണം സംബന്ധിച്ച പരാതി പോലീസിനെ അറിയിക്കാതെ ഒതുക്കാനാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് ശ്രമിച്ചത്. തങ്ങള്‍ അന്വേഷിക്കാമെന്നും മോതിരങ്ങള്‍ വീണ്ടെടുത്തു തരാമെന്നും ഉള്ള മാനേജ്‌മെന്റിന്റെ വാക്കു വിശ്വസിച്ചു രണ്ടു ദിവസം നിഖില്‍ ഷായും കുടുംബവും കാത്തിരുന്നു.
മോതിരം ലഭിക്കാതെ വന്നതോടെ 16ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 401/2024 എന്ന ക്രൈം നമ്പറില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. റിസോര്‍ട്ടിലെ നാലു ജീവനക്കാരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്.
റിസോര്‍ട്ടിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരെയും ചോദ്യംചെയ്തതായി ബേക്കല്‍ പോലീസ് പ്രതികരിച്ചു.