പത്തനംതിട്ട: ശബരിമല സന്നിധാനത്തുള്ള ആഴി അണഞ്ഞതായി ഭക്തരുടെ പരാതി. ബുധനാഴ്ച രാത്രിയാണ് ആഴി അണഞ്ഞത്. എന്നാൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ഭക്തർ പരാതിപ്പെട്ടു.(Devotees complained that Sabarimala aazhi was extinguished)
ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടി. മാസപൂജയ്ക്കായി തുറക്കുമ്പോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനില്‍ക്കും. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തര്‍ പരാതിപ്പെട്ടു. അതേസമയം ഭക്തരുടെ പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല്‍ ഉടന്‍ തന്നെ ആഴിയിലേക്ക് അഗ്‌നി പകരുന്നതാണ് സന്നിധാനത്തെ പ്രധാന ചടങ്ങ്. ഇതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്‌നി പകര്‍ന്നിരുന്നു. എന്നാല്‍ രാത്രിയോടെ അഗ്‌നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടര്‍ന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്‌നിപകര്‍ന്നത്.