കണ്ണൂർ: നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ദേവസ്വം ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴാണ് സംഭവം.
ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതിയിൽ പറയുന്നത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കര കൊട്ടിയൂരിൽ വെച്ചാണ് കയ്യേറ്റം നടന്നത്. ഈ വർഷത്തെ വൈശാഖ മഹോത്സവം കഴിയും വരെ ദേവസ്വം ബോര്‍ഡ് തന്നെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍.
ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് സജീവൻ നായര്‍ ഫോട്ടോ എടുത്തത്. എന്നാൽ ഇതിനിടെയാണ് കയ്യേറ്റം നടന്നത്.
ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്‍ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് സജീവൻ നായർ കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തിട്ടുണ്ട്.
Summary: Devaswom photographer allegedly assaulted for clicked Actor Jayasurya’s photo during a visit to Kottiyoor temple. A formal complaint has been filed regarding the incident.