കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടു തവണയാണ് വർധനവ് രേഖപ്പെടുത്തിയത്. വില എത്ര കൂടിയാലും സ്വർണോത്സവത്തിന് ഒരു തരി പൊന്നു വാങ്ങണമെന്ന മലയാളിയുടെ മോഹം ഇനിയും അസ്തമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗ്രാമപ്രദേശങ്ങളിലെ സ്വർണക്കടകളിൽ പോലും ആളുകളുടെ കുത്തൊഴുക്കായിരുന്നു. സ്വർണ വില ഉയർന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ചതെന്ന് വ്യാപാരികൾ പ്രതികരിച്ചു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവക്കായിരുന്നു ഏറെയും ആവശ്യക്കാരെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ദേശീയ ഡയറക്ടർ എസ്.അബ്ദുൽ നാസർ പറഞ്ഞു. 18 കാരറ്റ് ആഭരണങ്ങൾക്കും ഡിമാൻഡ് വലിയതോതിൽ ഉയർന്നിട്ടുണ്ട്. കേരളത്തിൽ സാധാരണ 250 കിലോ സ്വർണമാണ് പ്രതിദിനം വിൽക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ അത് 1,500 കിലോ ആയി ഉയർന്നെന്നാണ് പ്രാഥമിക കണക്കുകൾ. കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ ദിനത്തിലെ കച്ചവടത്തെക്കാൾ അഞ്ചു മുതൽ ഏഴ് വരെ ശതമാനം വ്യാപാര തോത് ഉയർന്നതായാണ് റിപ്പോർട്ടുകൾ. അക്ഷയതൃതീയ ദിനത്തിൽ ഇന്ത്യ ഒട്ടാകെ 20 മുതൽ 23 ടൺ വരെ സ്വർണം വിറ്റെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 1,125 രൂപയുടെ വർധനയാണ് ഒരു ഗ്രാം സ്വർണത്തിൽ രേഖപ്പെടുത്തിയത്. പവന് 9,000 രൂപയുടെ വർധനയും ഉണ്ടായി. എന്നാൽ സ്വർണാഭരണ ശാലകളുടെ ഓഫറുകളും മുൻകൂർ ബുക്കിംഗ് സൗകര്യവുമെല്ലാം പ്രയോജനപ്പെടുത്തി ആളുകൾ സ്വർണം വാങ്ങാനെത്തിയതാണ് അക്ഷയ തൃതീയ ദിനത്തിൽ വിൽപ്പന ഉയർത്തിയത്. ഇന്നലെ രാത്രി വൈകിയും സ്വർണകടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.
Read Also: അക്ഷയ തൃതീയ കഴിഞ്ഞു, സ്വർണത്തിന് ഒരു തരി വില കുറഞ്ഞു; ഇന്നത്തെ വിലയറിയാം