തിരുവനന്തപുരം : വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യുമ്പോഴും പെട്ടെന്ന് തയ്യാറാക്കുമ്പോഴും അബദ്ധം പിണയുന്നത് പതിവാണ്. പല പത്രങ്ങളിലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറും ഉണ്ട്.Deshabhimani expressed regret for giving the article as actor Mohanlal’s saying that his mother who is still alive is dead
ദേശാഭിമാനി പത്രത്തിന് പറ്റിയ ‘ഹോട്ട് ഡോഗ്’ അമളിയും, മാധ്യമത്തിന് പറ്റിയ ‘ ആംനസ്റ്റി’ അമളിയും ജോണ്‍ ബ്രിട്ടാസിന് പറ്റിയ ‘ഫേസ്ബുക്ക്’ അമളിയും ഒക്കെ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്.
ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒരാള്‍ 68 പട്ടികളെ തിന്നു ലോക റെക്കോര്‍ഡ് ഇട്ടെന്നായിരുന്നു പഴയ ദേശാഭിമാനി വാര്‍ത്താ. അതും ഒന്നാം പേജില്‍ . ഉപ്പുമാവിനു സാള്‍ട്ട് മാംഗോ ട്രീ എന്ന് പറഞ്ഞ ശ്രീനിവാസന്‍ കഥാപാത്രം പോലെ ഹോട്ട് ഡോഗിന്റെ മലയാളം ചൂടുള്ള പട്ടിയായി.
വീണ്ടും ഇത്തരത്തിലൊരു അമളി പിണത്തിരിക്കുകയാണ് ദേശാഭിമാനിക്ക്. ഇത്തവണ തർജമയെ തുടർന്നല്ല തെറ്റുപറ്റിയത് എന്നത് ഏറെ ശ്രദ്ധേയം.
ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം കൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി.
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിലെ അനുസ്മരണ കുറിപ്പിനിടെ നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തിലാണ് സിപിഎം മുഖപത്രം മാപ്പ് പറഞ്ഞത്.
കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ദേശാഭിമാനിയിലുള്ള മാധ്യ പ്രവര്‍ത്തകര്‍ തന്നെ ഏഴുതിയതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം ഒരു തെറ്റാണ് ലേഖനത്തിലുണ്ടായിരുന്നത്.
മോഹന്‍ലാല്‍ ഏഴുതിയതെന്ന് പറഞ്ഞ് നല്‍കിയ ലേഖനത്തിലെ ഒരു വരി ഇങ്ങനെയാണ്-”രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്നതാണ്.
എന്നാല്‍, ഇതല്ല സത്യാവസ്ഥ. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരിയമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചികിത്സയുടെ ഭാഗമായി അവര്‍ നിലവില്‍ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു.
ഇതുപോലും മനസിലാക്കാതെയാണ് സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ കൊന്നത്. വ്യാജവാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നതോടെ ദേശാഭിമാനി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് ശനിയാഴ്ച്ച പ്രസിദ്ധീകരിച്ച പ്രത്യേക പേജില്‍ ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാപ്പ് അപേക്ഷയില്‍ ദേശാഭിമാനി പറയുന്നു.
പത്രത്തിലെ വാര്‍ത്തയില്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കി ലേഖനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഇന്നലെ തന്നെ ദേശാഭിമാനി മാറ്റം വരുത്തിയിരുന്നു.
മാറ്റം വരുത്തിയ ലേഖനത്തിന്റെ പൂര്‍ണരൂപം:
എന്റെ അമ്മയെന്ന് കേള്‍ക്കുമ്പോള്‍ ഭൂമുഖത്ത് എവിടെയുമുള്ള ഭൂരിപക്ഷം മലയാളി ചലച്ചിത്ര പ്രേക്ഷകരുടെയും മനസ്സില്‍ വിരിയുന്ന മുഖം എന്റെ കവിയൂര്‍ പൊന്നമ്മയുടെതായിരുന്നു. ഒരുപക്ഷേ, സിനിമയില്‍ അവര്‍ അമ്മ വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുണ്ടാവുക എന്റെ അമ്മയായിട്ടാകും. അത്രമാത്രം പ്രിയപ്പെട്ട മകനായിരുന്നു പൊന്നൂസിന് ഞാന്‍. അക്കാര്യം പലപ്പോഴും തുറന്നു പറയാറുണ്ടായിരുന്നു.
ഒരിക്കല്‍ തിരുവനന്തപുരത്തെ ഉള്‍പ്രദേശത്ത് മുറുക്കാന്‍ വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ ചുറ്റും ഓടിക്കൂടി മോഹന്‍ലാലിന്റെ അമ്മയെന്ന് വിളിച്ചത് തെല്ലു ഫലിതത്തോടെ വിവരിക്കുകയും ചെയ്യുകയുണ്ടായി. അതുപോലെ താന്‍ പ്രസവിക്കാത്ത മകനാണെന്ന് പറയാറുള്ളതും മറക്കാനാവില്ല. എന്റെ അമ്മ ശാന്തകുമാരിക്കും കവിയൂര്‍ പൊന്നമ്മ എന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടമെന്നതാണ് വാസ്തവം. എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതായാണ് മനസ്സിലാക്കുന്നത്.
ഇരുപതാം വയസ്സില്‍ തന്നെക്കാള്‍ പ്രായമുള്ള സത്യന്‍, പ്രേംനസീര്‍ തുടങ്ങിയ നായക നടന്മാരുടെതുള്‍പ്പെടെ അമ്മയായി അഭിനയിച്ച് സിനിമയിലെത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ.
അമ്മവേഷങ്ങള്‍ ചെയ്താല്‍ കരിയര്‍ നശിക്കുമോ നായികാ കഥാപാത്രങ്ങള്‍ കിട്ടാതെയാകുമോ ഒരേ ടൈപ്പ് എന്ന മുദ്രപതിയുമോയെന്ന് ഏറെക്കുറെ അന്നത്തെ നടിമാരെല്ലാം ആകുലപ്പെടുന്ന കാലത്താണ് ഒന്നും ചിന്തിക്കാതെ കിട്ടിയ അമ്മവേഷങ്ങളെല്ലാം മനോഹരമായി ചെയ്ത് അവര്‍ മലയാളത്തിന്റെ അമ്മയായത്. അത്രയധികം സിനിമയെയും അഭിനയ കലയെയും സ്‌നേഹിച്ച ഒരാള്‍ ആയിരുന്നു എന്റെ പൊന്നൂസ്………
ജീവിച്ചിരിക്കുന്ന തൻ്റെ അമ്മ നേരത്തെ യാത്രയായി എന്നാണ് മോഹൻലാലിൻ്റെ പേര് വച്ച് അദ്ദേഹം തന്നെ എഴുതിയതെന്ന മട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞത്. ലോകത്ത് ഏതെങ്കിലും ഒരു മകൻ, ജീവിച്ചിരിക്കുന്ന അമ്മ മരിച്ചുപോയി എന്ന് ഓർമ്മക്കുറിപ്പ് എഴുതുമോ?
അതുകൊണ്ട് തന്നെ ഈ ലേഖനം വ്യാജമെന്ന് മനസിലാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് കൊച്ചിയിൽ നടന്ന മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നത് പോലും ദേശാഭിമാനിയിൽ ഈ കുറിപ്പ് തയ്യാറാക്കിയവർ കണ്ടിട്ടില്ലേ എന്നതാണ് അതിശയിപ്പിക്കുന്നത്.
ദേശാഭിമാനിയൊഴിച്ചുള്ള മറ്റ് ചില പത്രങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പാണ് അനുസ്മരണമായി കൊടുത്തത്. ആ പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ് –
“അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു.
എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നുപല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം..
പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും… വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും.”
പറ്റിപ്പോയ അബദ്ധം ഏറ്റുപറയുന്നതിന് പകരം വിചിത്രമായൊരു ഖേദമാണ് ദേശാഭിമാനി ഇന്നത്തെ പത്രത്തിൽ കൊടുത്തിട്ടുള്ളത്. പത്രത്തിൻ്റെ ഒരു മൂലയിൽ, ആരുടേയും കണ്ണിൽപ്പെടാത്ത വിധം ഒരു ഖേദക്കുറിപ്പ് കൊടുത്തതിങ്ങനെയാണ് – “നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് ശനിയാഴ്ച ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രത്യേക പേജിൽ ഗുരുതരമായ പിശകുകൾ സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു: പത്രാധിപർ”. എന്ത് പിശകാണ് സംഭവിച്ചതെന്നോ എങ്ങനെയാണ് പറ്റിയതെന്നോ ഒരു സൂചന പോലും ഖേദക്കുറിപ്പിൽ ഇല്ല.
മോഹൻലാലിനെ പോലെ ഒരാളുടെ പേരുവച്ച് ഇത്തരമൊരു കുറിപ്പ് പ്രസിദ്ധീകരിക്കാനിടയായത് എങ്ങനെ എന്നറിയാനുള്ള വായനക്കാരുടെ അവകാശത്തെ പരിഗണിച്ചിട്ടേയില്ലെന്ന് തന്നെ പറയേണ്ടി വരും.
ഇത്തരം പിഴവ് ദേശാഭിമാനിക്ക് ഇതാദ്യമല്ല എന്നതാണ് ഖേദകരം. മാതൃഭൂമി മാനേജിംഗ് എഡിറ്ററും ജനതാദൾ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാർ ഇടതു മുന്നണിയുമായി ഇടഞ്ഞു നിൽക്കുന്ന കാലത്ത് ദേശാഭിമാനിയിൽ ‘ഭൂമി പിടിക്കാൻ മാതൃഭൂമി’ എന്നൊരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. സിപിഎമ്മിൽ വിഭാഗീയത കത്തിനിന്ന അക്കാലത്ത് വിഎസ്സിനൊപ്പമായിരുന്നു മാതൃഭൂമിയെന്നതും ഈ പരമ്പരക്ക് കാരണമായിരുന്നു. പരമ്പരയുടെ ഭാഗമായി 2007 ജൂലൈ 15ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ എംപി വീരേന്ദ്രകുമാർ തൻ്റെ സഹോദരി എംപി സുശീലാ ദേവിയുടെ ഭൂമി തട്ടിയെടുത്തെന്നും, അവർ അർബുദ ബാധിതയായി മരിച്ചുവെന്നുമായിരുന്നു ടി.കെ.രമേശ് ബാബു എഴുതിയ വാർത്ത. പിറ്റേന്ന് മാതൃഭൂമിയിൽ സുശീലാ ദേവിയുടെ വിശദമായ പ്രസ്താവന വന്നു.
“രോഗബാധിതയായിരുന്നു എങ്കിലും ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നതാണ് വസ്തുത. വീരേന്ദ്രകുമാറിൻ്റെ സ്നേഹപൂർണമായ പരിചരണവും അദ്ദേഹം ലഭ്യമാക്കിയ വിദഗ്ധചികിത്സയുമാണ് അതിന് കാരണം. എനിക്ക് അവകാശപ്പെട്ട സ്വത്ത് എൻ്റെ അച്ഛനും ജേഷ്ഠനും എനിക്ക് തന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബബന്ധം തകർക്കാനുള്ള ശ്രമം എന്തിന് വേണ്ടിയാണ്? ഈ പകവീട്ടലും അപവാദ പ്രചരണവും അവസാനിപ്പിക്കാൻ ദേശാഭിമാനി തയ്യാറാകണം. ഉന്നത ധാർമ്മികമൂല്യങ്ങളും പത്രപ്രവർത്തന നിലവാരവും ഞാൻ ദേശാഭിമാനി പത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല” – ഇങ്ങനെ പറഞ്ഞാണ് സുശീലാദേവി ദേശാഭിമാനിക്കെതിരെ പുറപ്പെടുവിച്ച പ്രസ്താവന അവസാനിപ്പിച്ചത്.
മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ കഴിഞ്ഞവർഷം ഇടുക്കി അടിമാലി സ്വദേശികളും വയോധികരുമായ അന്നക്കുട്ടിയും മറിയക്കുട്ടിയും ചട്ടിയുമേന്തി യാചനാസമരം നടത്തിയതിനെതിരെ സ്വീകരിച്ച നിലപാടും പത്രത്തെ വല്ലാതെ പ്രതിരോധത്തിലാക്കിയതാണ്. മറിയക്കുട്ടിയുടെ മക്കൾ വിദേശത്താണെന്നും ഏക്കർ കണക്കിന് ഭൂമിയുണ്ടെന്നും സമരം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ദേശാഭിമാനി എഴുതി. തനിക്കുണ്ടെന്ന് ദേശാഭിമാനി പറയുന്ന ഭൂമി കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് അധികാരികളെ സമീപിച്ചതോടെ വിവാദമായി. അതോടെ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി തടിയൂരി.
മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച് ഇടത് സർക്കാരിനെ അവഹേളിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിയും ദേശാഭിമാനിയും വേവലാതിപ്പെടുമ്പോഴാണ് ഇത്തരം വാർത്താവധങ്ങൾ പാർട്ടി പത്രത്തിൽ തന്നെ അടിക്കടി ഇടംപിടിക്കുന്നത്. സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനത്തെ ക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനൽ വഴി പതിവായി സംസാരിക്കാറുള്ള സിപിഎം സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ആണിപ്പോൾ ദേശാഭിമാനിയുടെ റസിഡൻ്റ് എഡിറ്റർ. ദേശാഭിമാനിക്ക് വാർത്തയിൽ പിഴക്കുമ്പോഴെല്ലാം അദ്ദേഹവും സമാധാനം പറയേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.