ബംഗളൂരു: ഐപിഎൽ 18-ാം സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. സീസണിലെ ഡൽഹിയുടെ തുടർച്ചയായ നാലാം വിജയമാണിത്.
കെ. എൽ. രാഹുലിന്റെയും ട്രിസ്റ്റൺ സ്റ്റബ്സിന്റെയും വെടിക്കെട്ടിട്ട് ബാറ്റിംഗിന്റെ മികവിലാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ആർസിബി ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു.
93 റൺസെടുത്ത കെ.എൽ രാഹുലിന്റെ ഇന്നിംഗ്സാണ് വിജയത്തിൽ നിർണായകമായത്. 53 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഗംഭീര ഇന്നിംഗ്സ്. സ്റ്റബ്സ് 38 റൺസാണ് എടുത്തത്. 23 പന്തിൽ നിന്നാണ് സ്റ്റബ്സ് 38 റൺസെടുത്തത്.
ആർസിബിക്ക് വേണ്ടി ഭുവനേഷ്വർ കുമാർ രണ്ട് വിക്കറ്റെടുത്തപ്പോൾ യഷ് ദയാലും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസാണ് നേടിയത്. ഫിൽ സാൾട്ടിന്റെയും ടിം ഡേവിഡിന്റെയും മികവിലാണ് ആർസിബി മികച്ച സ്കോറിലെത്തിയത്.
സാൾട്ടും ഡേവിഡും 37 റൺസ് വീതമാണ് നേടിയത്. നായകൻ രജത് പാട്ടീദാർ 25 റൺസെടുത്തപ്പോൾ സൂപ്പർ താരം വിരാട് കോഹ്ലി 22 റൺസാണ് സ്കോർ ചെയ്തത്.
ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും വിപ്റജ് നിഗമും രണ്ട് വിക്കറ്റ് വീതം നേടി. മോഹിത് ശർമയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിലെ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസിന് എട്ട് പോയിന്റായി തലപ്പത്തെത്തി. ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീം ഡൽഹി ക്യാപിറ്റൽസാണ്.