പരമ്പരാഗത മത്സ്യമേഖല പ്രതിസന്ധിയിൽ
കൊച്ചി: ആഴക്കടലിലും തീരക്കടലിലും മത്സ്യബന്ധനം നടത്താൻ കപ്പലുകൾക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതോടെ പരമ്പരാഗത മത്സ്യമേഖലയിൽ ആശങ്ക വ്യാപിക്കുന്നു.
മത്സ്യതൊഴിലാളികൾ പങ്കാളികളായ സഹകരണ സംഘങ്ങൾക്കാണ് അനുമതിയെന്നു പറയുന്നുണ്ടെങ്കിലും, അതിന്റെ മറവിൽ വൻകിട കമ്പനികളും സ്വകാര്യ വ്യക്തികളും കടന്നുവരാനുള്ള വഴിയൊരുക്കിയതായി ആരോപണം ഉയരുന്നു.
വിജ്ഞാപനത്തിൽ “ഓപ്പറേറ്റർ” എന്ന പദം സഹകരണ സംഘങ്ങൾ, സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ, കർഷക സമിതികൾ എന്നിങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
ഇതിലൂടെ വലിയ കുത്തകകൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും കടലിൽ മത്സ്യബന്ധനം നടത്താനുള്ള അനുമതി ലഭിക്കാമെന്നാണ് ആശങ്ക.
മുമ്പ് ആഴക്കടലിൽ മത്സ്യബന്ധനം അനുവദിച്ചപ്പോൾ വൻകിട കപ്പലുകൾ തീരക്കടലിലേക്കു കടന്നുകയറിയതിനെതിരെ മത്സ്യതൊഴിലാളികൾ ശക്തമായി പ്രതികരിച്ചിരുന്നു.
അവരുടെ പ്രതിഷേധത്തെ തുടർന്ന് ആ അനുമതി പിൻവലിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ആഴക്കടലിനും തീരക്കടലിനും ഒരുപോലെ അനുമതി നൽകിയതോടെ പരമ്പരാഗത മേഖല വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമേ അനുമതി നൽകൂവെന്ന് ഫിഷറീസ് വകുപ്പ് മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും, ഈ മാസം 4-നാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിൽ ദുരൂഹതയുണ്ടെന്നും മത്സ്യതൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
24 മീറ്ററിലധികം നീളമുള്ള കപ്പലുകൾക്ക് അനുമതിയാണ് നൽകിയിരിക്കുന്നത്. കപ്പലുകളിൽ തന്നെ മത്സ്യം സംസ്‌കരിക്കാനും വിദേശ തുറമുഖങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യാനുമുള്ള അനുമതിയും ഉൾപ്പെട്ടിരിക്കുന്നു.
കൂടാതെ മിഡ്-സി ട്രാൻസ്ഫർ വഴി കടലിൽ തന്നെയെ മറ്റുകപ്പലുകൾക്ക് മത്സ്യം കൈമാറാനുള്ള സൗകര്യവും ലഭിക്കും.
“മത്സ്യസമ്പത്ത് വിദേശത്തേക്ക് കടത്താനും പരമ്പരാഗത തൊഴിലാളികളെ തൊഴിൽരഹിതരാക്കാനും ഉള്ള നീക്കമാണിത്.
ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്,” — കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
English Summary:
The Ministry of External Affairs has granted permission for fishing vessels to operate in both deep-sea and coastal waters, triggering widespread concern among traditional fishermen. Though the order claims to favor cooperative societies involving fishermen, it also allows private individuals and companies, raising fears of large-scale corporate entry into Indian waters. The notification permits vessels over 24 meters long to process and transfer fish mid-sea and even sell catches at foreign ports, bypassing Indian shores. Fishermen’s organizations, led by Charles George of the Kerala Swathanthra Matsya Thozhilali Federation, are planning nationwide protests, calling the move a threat to traditional livelihoods and national marine wealth.









