മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി വന്ന സംഭവത്തിൽ ഫാത്തിമ ഖാൻ എന്ന 24കാരി പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയാണ് യുവതി.
മുംബൈ പൊലീസ് ആണ് ഫാത്തിമ ഖാനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഫാത്തിമയെ മുംബൈയിൽ എത്തിച്ചിട്ടുണ്ട്.
ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
10 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു.
വധഭീഷണിയെ തുടർന്ന് അധികൃതർ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പ്രാദേശിക പൊലീസ് സംഘവുമായി ചേർന്ന് എടിഎസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉല്ലാസ് നഗറിൽ യുവതിയെ കണ്ടെത്തിയത്.
എടിഎസ് സംഘം യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. യുവതിയുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിന് മാനസികാരോഗ്യ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
A 24-year-old woman named Fatima Khan was arrested in connection with the death threat to Uttar Pradesh Chief Minister Yogi Adityanath