കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലാണ് കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഉടൻ തന്നെ ഗോകുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
യുവാവ് ശുചിമുറിയിലേക്ക് പോയ ശേഷം മടങ്ങിയെത്താന്‍ വൈകിയപ്പോള്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുലിന്റെ ആത്മഹത്യ, ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.