കാസർഗോഡ്: പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടേയും അയൽക്കാരനായ ഓട്ടോ ഡ്രൈവർ പ്രദീപിൻറേയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവരുടേയും മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹങ്ങൾ ഇരുപത് ദിവസത്തിൽ അധികം പഴക്കം ചെന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉണങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. വിശദമായ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട് .
ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിക്കുന്നതിലൂടെ ഇതിനുള്ള ഉത്തരത്തിലെത്താൻ സാധിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.
ഫെബ്രുവരി 12 നാണ് പെൺകുട്ടിയേയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതാവുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.