കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. പകരം അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.(Death of ADM Naveen Babu; Collector was removed from the charge of investigation)
സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയത്. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്.
കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. അതേസമയം ദിവ്യയുടെ മുൻകൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. എഡിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് ആണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകിയത്.