ഇടുക്കി പീരുമേട് തോട്ടാപ്പുരയിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീത മരിച്ച സംഭവത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാതെ പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് ഫൊറൻസിക് സർജൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറിയത്. അതേസമയം കൊലപാതക സാധ്യത തള്ളിയിട്ടില്ല.
എങ്കിലും ആനയുടെ ആക്രമണവുമാകാം മരണത്തിനു കാരണമെന്ന് സർജൻ പോലീസിനു മൊഴി നൽകിയെന്നാണ് സൂചന.
ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത
ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചതാണ് സീതയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചന. തലയിലും നെഞ്ചിലുമേറ്റ ഒന്നിലധികം മുറിവുകൾ മരണത്തിനു കാരണമായിട്ടുണ്ട്.
ആത്മഹത്യ അല്ലെന്നും വീഴ്ച്ചക്ക് കാരണം ആനയുടെ ആക്രമണം ആകാമെന്നും സർജൻ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസമാണ് വനത്തിനുള്ളിൽ വനവിഭവം ശേഖരിക്കാൻ പോയ സീത കൊല്ലപ്പെടുന്നത്. പിന്നീട് സീതയെ ആന ആക്രമിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബിനുവും മക്കളും പറഞ്ഞിരുന്നത്.
എന്നാൽ കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം സർജൻ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.