ഇന്ന് സ്കൂൾ തുറക്കുമ്പോൾ ദേവനാരായണന്റെ വീട്ടിൽ സങ്കടക്കടലാണ്. മുട്ടം മുല്ലക്കര എൽ.പി സ്കൂളിലേക്ക് തന്റെ സൂപ്പർ ഹീറോ സ്പൈഡർമാനെ നെഞ്ചോട് ചേർത്ത് പോകാൻ കൊതിച്ച ദേവനാരായണൻ ഇന്നില്ല. തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ച എട്ടുവയസുകാരനായ ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണനു വേണ്ടി അച്ഛൻ സ്‌പൈഡർമാന്റെ ചിത്രമുള്ള ബാഗും ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും നേരത്തെ വാങ്ങിവച്ചിരുന്നു.സ്‌പൈഡർമാന്റെ ധീരത അനുകരിക്കാൻ അവൻ ശ്രമിച്ചിരുന്നു. സഹോദരിയുടെ സഹപാഠിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിന് സ്വന്തം ജീവൻ നൽകേണ്ടി വന്നു.നായയ്ക്കൊപ്പം ഓടയിൽവീണ ദേവനാരയണൻ പേവിഷബാധയേറ്റാണ് മരിച്ചത്. ഇന്ന് മറ്റു കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ അനാഥമായ അവന്റെ സാധനങ്ങളും ചേർത്തുപിടിച്ച് കരയാനാണ് അവന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിധി.
