തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർധനവ്. ക്ഷാമബത്ത മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി ഉയർന്നു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് ഇറക്കി.
പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. വർധനവ് ഏപ്രില്‍ മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയാണ് വർധിക്കുക.
സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ക്ഷാമാശ്വാസവും വർധിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ 690 രൂപ മുതല്‍ 3711 രൂപ വരെ വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വർധനവ് ഉണ്ടാവും.
കൂടാതെ സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ അനുസരിച്ചുള്ള വര്‍ധനയുണ്ടാകും. പാര്‍ട്ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ധന ബാധകമാണ് എന്നും ഉത്തരവിൽ പറയുന്നു.