സ്രാവുകൾ മയക്കുമരുന്ന് ഉപയോഗിക്കുമോ ? ഇല്ല എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ബ്രസീലിലെ സമുദ്രത്തിലുള്ള സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. (Deadly drug in ocean sharks: Concern over behavior-modifying cocaine)
റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിലാണ് മയക്കുമരനായ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചില സ്രാവുകളിൽ ഇവ വളരെ കൂടിയ അളവിലാണ് കണ്ടെത്തിയിരിക്കുന്നത് എന്നത് ശാസ്ത്രജ്ഞരെ ആശങ്കയിൽ ആഴ്ത്തുന്നു.
പഠനത്തിൽ മറൈൻ ബയോളജിസ്റ്റുകൾ സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ഈ മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം ഈ സ്രാവുകളുടെ ശരീരത്തിൽ മയക്കുമരുന്ന് എത്തിയത് എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. എന്നാൽ മയക്കുമരുന്ന് കടത്തുകാർ ഏതെങ്കിലും സാഹചര്യങ്ങളിൽ കടലിൽ കൊണ്ടുതള്ളിയ കൊക്കെയ്നുകളും കാരണമാവാം എന്ന് മറ്റൊരു വിഭാഗം പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസർജ്യം സമുദ്രജലത്തിൽ കലർന്നതുമൂലം ആവാം ഇങ്ങനെ സംഭവിച്ചതെന്നും അഭിപ്രായമുണ്ട്.