മുംബൈ: ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് മൂന്ന് ദിവസത്തിനുശേഷം സിതേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.Dead body of INS Brahmaputra casualty sailor recovered
ഞായറാഴ്ചയാണു മുംബൈ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്കു തീപിടിച്ചത്. തീപിടിത്തത്തിനിടെ വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു..
നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ഇന്നലെ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ച ശേഷമാണ് അദ്ദേഹം മുംബൈയിലെത്തിയത്.
തീപിടിത്തത്തില്‍ യന്ത്രസംവിധാനങ്ങള്‍ വലിയതോതില്‍ കത്തിനശിച്ചു. കപ്പല്‍ വലിച്ചുനീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു വശത്തേക്ക് മറിഞ്ഞതെന്നാണു പറയുന്നത്.
കോടികളുടെ നഷ്ടമുണ്ടായെന്നാണു റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് സേനയുടെ അന്വേഷണവും ആരംഭിച്ചു. വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ക്കിടെ തീ പടര്‍ന്നെന്നാണു സൂചന.
ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും അവശേഷിച്ച ഇന്ധനത്തിന്റെ സാന്നിധ്യം അഗ്‌നിബാധയുടെ വ്യാപ്തി വര്‍ധിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ബ്രഹ്മപുത്ര ശ്രേണിയില്‍ നിര്‍മിച്ച ആദ്യ യുദ്ധക്കപ്പല്‍ 2000ലാണ് കമ്മിഷന്‍ ചെയ്തത്.