പുതുവർഷത്തിൽ ക്രിക്കറ്റ് ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായാണ് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ തോല്പിച്ച് കിരീടം ചൂടിയ 2023 ലെ ലോകകപ്പിലടക്കം ഓസ്‌ട്രേലിയൻ ടീമിൽ നിർണായക പങ്കു വഹിച്ച വാർണറിന്റെ വിരമിക്കൽ ആരാധകർക്ക് അംഗീകരിക്കാനായിട്ടില്ല. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാമെന്ന വാക്കിലാണ് വാർണർ തന്റെ ഏകദിന കരിയർ അവസാനിപ്പിക്കുന്നത്. ജനുവരിയിൽ നടക്കുന്ന പാകിസ്ഥാൻ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും താരം വിരമിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 യിലൂടെയാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തിൽ താരം അടിച്ചു കൂട്ടിയ കണക്കുകൾ ചെറുതല്ല. 45.30 ശരാശരിയിൽ 22 സെഞ്ച്വറികളോടെ 6932 റൺസാണ് ഏകദിനത്തിൽ വാർണറുടെ നേട്ടം. 2023 ലെ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീട നേട്ടത്തിലേക്ക് ഓസ്‌ട്രേലിയയെ നയിച്ചതിനു പിന്നിലും താരത്തിന്റെ പങ്ക് ഏറെ നിർണായകമാണ്. 11 കളികളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും അടക്കം 535 റൺസുകൾ താരം അടിച്ചു കൂട്ടി. 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും മുഖ്യപങ്കാളിയായിരുന്ന വാർണർ, 2019ലെ ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് നേടിയത് 647 റൺസ് ആണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ഓസ്‌ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ.
കരിനിഴൽ വീഴ്ത്തിയ പന്ത് ചുരണ്ടൽ വിവാദം
നേട്ടങ്ങളോടൊപ്പം വിവാദങ്ങളും വാർണറുടെ കരിയറിലുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു 2018ല്‍ നടന്ന കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദം. നായകന്‍ സ്മിത്തിന്റെ അനുമതിയിൽ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിർദേശ പ്രകാരം ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായിരുന്നു വിവാദങ്ങൾക്ക് വഴി വെച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതാണ് വിഡിയോയില്‍ കുരുങ്ങിയത്.
സംഭവം വിവാദമായതോടെ മുന്‍ താരങ്ങള്‍ രംഗത്തെത്തി. നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്പയര്‍മാര്‍ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ താരം പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതേ തുടർന്ന് ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. കൂടാതെ സ്മിത്തിനും വാർണർക്കും രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കുന്നതിനും വിലക്ക് ലഭിച്ചു. എല്ലാ പ്രാദേശിക, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നുമാണ് മൂന്ന് താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.
വാർണറുടെ മോഹം, വിരമിക്കൽ മത്സരം പാകിസ്താനെതിരെ
ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്താൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന് വാർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവസാന മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കണമെന്നും താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട ഡേവിഡ് വാർണർക്ക് ഹീറോ പരിവേഷത്തോടെ വിടവാങ്ങൽ മത്സരം നൽകേണ്ടതില്ലെന്ന് മുൻ താരം മിച്ചൽ ജോൺസൺ വിമർശനവുമായി രംഗത്തെത്തി. എന്നാൽ ടീമിൽ വാർണർ ഉൾപ്പെട്ടതോടെ താരത്തിന്റെ മോഹവും സഫലമാകുകയാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഓസ്‌ട്രേലിയ- പാകിസ്താൻ മൂന്നാം ടെസ്റ്റ് ആണ് വാർണറുടെ അവസാന മത്സരം.
Read Also: പ്രതിഫലം നൽകിയില്ല, ഗ്രൗണ്ടിൽ ഇറങ്ങാതെ ഫീല്‍ഡ് അമ്പയര്‍മാർ; അറസ്റ്റ്