മുംബൈ വിമാനത്താവളത്തിൽ നെറ്റ്‌വർക്ക് തകരാർ; സർവീസുകൾ വൈകും
മുംബൈ: ഡാറ്റാ നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സർവീസുകൾ അവതാളത്തിലായി. ചെക്ക്-ഇൻ സംവിധാനങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് ആണ് അറിയിപ്പ്. കേരളത്തിൽ നിന്നടക്കമുള്ള കണക്ഷൻ ഫ്ലൈറ്റുകളെയും കാലതാമസം ബാധിച്ചേക്കും എന്നാണ് റിപ്പോർട്ട്.
യാത്രക്കാര്‍ വിമാന സമയമടക്കമുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ പറയുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ചെങ്കിലും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ സമയം വേണ്ടി വന്നേക്കും.
അതുകൊണ്ട് തന്നെ ചില സർവീസുകൾ ഇനിയും വൈകാൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രികർ വിമാനത്തിൻ്റെ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും എയർ ഇന്ത്യ ‘എക്സി’ലൂടെ അറിയിച്ചു.
വാരാന്ത്യത്തിൽ രക്ഷാബന്ധൻ ആഘോഷങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനിടെയാണ് മുംബൈ വിമാനത്താവളത്തിൽ സാങ്കേതിക തകരാർ ഉണ്ടായത്.
അതിനിടെ മഴയെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും 300-ൽ അധികം വിമാനങ്ങൾ വൈകി. ചില സർവീസുകൾ റദ്ദാക്കിയതായും ആണ് ലഭ്യമാകുന്ന റിപ്പോർട്ട്.
പ്രതിദിനം ഏകദേശം 1,300 വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി വിമാനത്താവളത്തിൽ ശരാശരി 17 മിനിറ്റോളം വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടതെന്ന് ഫ്ലൈറ്റ് റഡാർ24-ന്റെ കണക്കുകൾ വ്യക്തമാക്കി.
Summary: A data network failure at Mumbai Airport has severely affected check-in systems, potentially causing delays for flights, including those operated by Air India.