പാലക്കാട്: താപനില ക്രമാതീതമായി ഉയരുന്നതോടെ ലഭിക്കുന്ന പാലിന്റെ അളവിലും ഗണ്യമായ കുറവ് വന്നെന്ന് മിൽമ. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ 10 ശതമാനം കുറഞ്ഞെന്നാണ് മിൽമയുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്റെ കുറവാണ് മൂന്ന് മേഖലകളിൽ നിന്നുമായി അനുഭവപ്പെടുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മലബാർ മേഖല യൂണിയനിൽ 75,000വും തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകളിൽ യഥാക്രമം 2.5ഉം, 1.5ഉം ലക്ഷം ലിറ്ററിന്റെയും കുറവാണ് അനുഭവപ്പെടുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്റർ പാൽ മിൽമ ഇറക്കുമതി ചെയ്താണ് പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം ലിറ്റർ പാൽ പ്രതിദിനം ആവശ്യമുണ്ട്. എന്നാൽ, മൂന്ന് യൂണിയനുകളിലുമായി 13 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ടര ലക്ഷത്തോളം ലിറ്റർ പാൽ പ്രതിദിനം ലഭിച്ച പാലക്കാട്ട് ഇപ്പോൾ 2,02,000 ലിറ്ററാണ് ലഭിക്കുന്നത്.
പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി. കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. ചൂട് ഉയരുന്നതിനനുസരിച്ച് പശുക്കളുടെ പ്രതിരോധശേഷി നഷ്ടമാകുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവ് വരുത്തുന്നത്. പുല്ലിന്റെ ലഭ്യതക്കുറവും ജലക്ഷാമവുമാണ് പാൽ ഉൽപാദനം ഇടിയാൻ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. ഒരു ലിറ്റർ പാലിന് 50 മുതൽ 60 വരെ രൂപയാണ് ഉപഭോക്താക്കളിൽനിന്ന് മിൽമ വാങ്ങുന്നത്. എന്നാൽ, കർഷകന് ലിറ്ററിന് 40 മുതൽ 45 വരെ രൂപയാണ് ലഭിക്കുക.
Read Also: അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു