പാലക്കാട്: സംസ്ഥാനത്ത് ‘ദന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്. മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.(Cyclone ‘Dana’; Shutters of dams opened in Palakkad district)
പാലക്കാട് കാഞ്ഞിരപ്പുഴഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെ.മീ വീതം ഉയർത്തി. പറമ്പിക്കുളത്ത് രണ്ട് ഷട്ടറുകൾ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് അലർട്ട് നിലനിൽക്കുന്ന വാളയാർ, മംഗലംഡാമുകളുടെ 3 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മലമ്പുഴ, ചുള്ളിയാർ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ 1 സെ.മീ വീതം ഉയർത്തിയതായും അറിയിപ്പുണ്ട്. .
അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് ആണ്.