അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് രാത്രി ഒന്‍പതു മണിയോടെ കരതൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കരതൊടുമ്പോള്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. തിരമാല 6 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളില്‍ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കച്ച് ജില്ലയില്‍നിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു.
സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാന്‍ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.