ചെന്നൈ: ജനവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
്”ഇഡി മുഖേനയാണ് ബിജെപി രാഷട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സെന്തില്‍ ബാലാജിയോട് ഇഡി അപമര്യാദയായി പെരുമാറിയത് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ കുടിപ്പകയാണ് ഇതിന് പിന്നില്‍. പത്ത് വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മര്‍ദത്തിലാക്കുകയാണ്. ഇഡിയുടെ പ്രവര്‍ത്തനം മൂലം ശരീരികവും മാനസികവുമായി തകര്‍ന്ന സെന്തിലിന്റെ ജീവനു പോലും ഭീഷണി നേരിടുകയാണ്.
”എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തിയാല്‍ തെറ്റില്ല. കേസ് ഭയന്ന് ഒളിച്ചോടാന്‍ അദ്ദേഹം ഒരു സാധാരണക്കാരനല്ല. അഞ്ച് തവണ എംഎല്‍എ ആയ ആളാണ്. ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്. എല്ലാ വിശദീകരണവും നല്‍കാന്‍ തയാറാണെന്ന് ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സെന്തില്‍ പറഞ്ഞതാണ്. എന്നാല്‍ ഒരാളെയും കാണാന്‍ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവില്‍ വച്ചത്. ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണ്.”-സ്റ്റാലിന്‍ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി – എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 28 വരെയാണ് റിമാന്‍ഡ്. നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.