കൊച്ചി: കൊച്ചിയിൽ സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ എന്നിവർ മരിച്ച സംഭവത്തിൽ ദുരൂഹത.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു. എന്നാൽ എന്തിനാണ് ജീവനൊടുക്കിയതെന്ന കാര്യത്തിലും ഇനിയും വ്യക്തതയില്ല. മൂന്നുപേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
ഇന്നലെയാണ് കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീടിനുള്ളിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും തുടർന്നുണ്ടായ കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.
42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിൻഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു കണ്ടെത്തിയത്.
80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി പൂക്കൾ വർഷിച്ച രീതിയിലായിരുന്നു.
മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു പേഴ്സണൽ ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും കുടുംബവും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിലുണ്ട്.
അവിവാഹിതരായ സഹോദരങ്ങൾ മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതാണോ അതോ ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ഇനി അന്വേഷിക്കുക.
മനീഷിൻ്റെ മാതാവ് കോളജ് അധ്യാപികയും ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിൽ നിന്ന് ഉയർന്ന റാങ്കിൽ വിജയിച്ച ആളുമാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മനീഷ് ഏറെക്കാലമായി കൊച്ചിയിലും കോഴിക്കോടും കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്.
അമ്മയും സഹോദരിയും ഇവിടേക്ക്എത്തിയത് നാലു മാസം മുമ്പും. സാധാരണയായി രാവിലെ മനീഷിനെ ഓഫിസിൽ നിന്ന് കാർ വന്ന് കൊണ്ടു പോവുകയാണ് പതിവ്. വൈകിട്ടോടെ തിരിച്ചുമെത്തും.
സഹോദരിക്കോ അമ്മയ്‌ക്കോ അവിടുത്തെ മറ്റു വീട്ടുകാരുമായി കാര്യമായി ഒരുബന്ധവുമില്ല. അമ്മ ഇടയ്ക്കിടെ വീടിന്പുറത്തെ കസേരയിൽ വന്നിരിക്കാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു.
ഏറെക്കുറെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നതും എന്നതു കൊണ്ടു തന്നെ മരിച്ച വിവരം പോലും ദിവസങ്ങളോളം ആരുമറിഞ്ഞില്ല.
സമീപത്ത് കളിക്കാൻ എത്തിയ കുട്ടികൾ വീടിനു സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇവിടെ വന്നു നോക്കിയിരുന്നു.
എന്നാൽ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു വീട്. അതിനാൽ തന്നെ ക്വാർട്ടേഴ്സിനടുത്തുള്ള മാലിന്യക്കൂനയിൽ നിന്നുള്ള ദുർഗന്ധമായിരിക്കും എന്നാണ് കുട്ടികൾ കരുതിയത്.
ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യത്തിന് നാട്ടിലേക്ക് പോകുന്നു എന്നായിരുന്നു മനീഷ് പറഞ്ഞത്. പിന്നീട് 10 ദിവസത്തിനൊടുവിലാണ് മൂന്നു പേരുടേയും മൃതദേഹം കണ്ടെത്തിയത്.
ഒരാഴ്ചത്തെ അവധിക്ക് പോയ ആൾ തിരിച്ചു വരാതിരിക്കുകയും മൊബൈലിൽ കിട്ടാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു വരുന്നതിനിടെയും.
ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് വിവരം. ഇവരെ വിവരം അറിയിക്കണമെന്നാണ് മനീഷിന്റെ ഡയറിയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം. എന്നാൽ, അമ്മയുടെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
സഹോദരിയുടെ ജാർഖണ്ഡ് പിഎസ‌്‌സി നിയമനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.
അമ്മയുടെ മരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരും വരെ കാത്തിരിക്കേണ്ടിവരും.