ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ ആശ്വാസം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് എണ്ണ–പ്രകൃതിവാതക വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി. സൗദി അറേബ്യയിൽ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്.
ലൈബീരിയൻ പതാകയേന്തുന്ന ‘ഷെൻലോങ് സ്യൂമാക്‌സ്’ (Shenlong Suezmax) എന്ന എണ്ണക്കപ്പലാണ് ഹോർമൂസ് കടലിടുക്ക് താണ്ടി മുംബൈ തുറമുഖത്ത് എത്തിയത്. സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ ഏകദേശം 1,35,000 മെട്രിക് ടൺ അസംസ്‌കൃത എണ്ണ കൊണ്ടാണ് ഇന്ത്യയിലെത്തിയത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ കപ്പൽ ഇന്ത്യയിലെത്തിയത്. മുമ്പ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾക്ക് അനുമതി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ അനുമതിക്ക് പിന്നാലെ ഇന്ത്യയിലെത്തുന്ന ആദ്യ ക്രൂഡ് ഓയിൽ കപ്പലാണ് ഷെൻലോങ് സ്യൂമാക്‌സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ കടലിടുക്കിലൂടെ കപ്പൽഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ആഗോള ഊർജ്ജവിപണിയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
English Summary
Amid rising tensions in West Asia and concerns over energy supply disruptions, the first crude oil tanker has reached India through the Strait of Hormuz. The Liberia-flagged vessel Shenlong Suezmax arrived at Mumbai port carrying about 135,000 metric tonnes of crude oil from Ras Tanura port in Saudi Arabia. This is the first tanker to reach India after Iran indicated that oil tankers could pass through the Strait of Hormuz, which handles around 20% of global oil shipments.
crude oil tanker, shenlong suezmax, strait of hormuz, india oil supply, saudi arabia oil, west asia conflict, energy crisis, mumbai port, global oil trade









