ചരക്കു കപ്പലുകൾക്ക് നേരെയുള്ള യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ വർധനവ്. അഞ്ചു ശതമാനം വരെ നിലവിൽ എണ്ണവില ഉയർന്നെന്നും പശ്ചിമേഷ്യൻ സംഘർഷം വ്യാപിച്ചാൽ ഇനിയും എണ്ണവില കുതിച്ചുയരുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടലിൽ പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചിയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയ്ക്കും ചെലവേറിയിട്ടുണ്ട്. 600 ഡോളറായിരുന്ന കണ്ടെയ്‌നർ കൂലി 2600 ഡോളർ വരെയാണ് ഉയർന്നത്. ഗൾഫ് മേഖലയിലേയ്ക്കുള്ള കണ്ടെയ്‌നർ നിരക്ക് 900 ഡോളറിൽ നിന്നും 2000 ഡോളറായും ഉയർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായത് യൂറോപ്പിലും ഗൾഫ് മേഖലയിലും അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരാൻ കാരണമാകും. സ്‌പൈസസ്, തുണി, റബ്ബർ എന്നിവയാണ് ഇന്ത്യയിൽ നിന്നും പ്രധാനമായും യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്.
ശനിയാഴ്ച്ച യമനിലെ ഹുദൈദ തീര നഗരത്തിലും യു.എസ്., യു.കെ. സംയുക്ത സൈന്യം ആക്രമണം നടത്തി. ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പടക്കപ്പലിലുണ്ടായിരുന്ന ഡ്രോണുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തികൾ പ്രകോപനം തുടർന്നാൽ കനത്ത ആക്രമണം നടത്തുമെന്ന് യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എന്നാൽ ശക്തമായി തിരിച്ചടിയ്ക്കുമെന്നാണ് ഹൂത്തികളുടെ പ്രതികരണം.
Also read: ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും ; ചെങ്കടൽ കത്തുന്നു