ബസ് കോച്ചുകൾക്ക് ക്രാഷ് ടെസ്റ്റ് നിർബന്ധം: അംഗീകാരമില്ലെങ്കിൽ രജിസ്‌ട്രേഷനില്ല; സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം: രാജ്യത്തെ ബസ് യാത്രകളുടെ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ വലിയ തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുന്നു. ഇനി മുതൽ ബസ് കോച്ചുകൾക്ക് (Crash Test) ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കും.
ഡ്രൈവറടക്കം 14 അല്ലെങ്കിൽ അതിനുമുകളിലുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. ഇത്തരം വാഹനങ്ങൾ ക്രാഷ് ടെസ്റ്റ് വിജയിച്ച മോഡലുകൾക്കു മാത്രമേ രജിസ്‌ട്രേഷൻ ലഭിക്കൂ.
2017-ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്ന ബസ് ബോഡി കോഡ് പ്രകാരമാണ് ഇനി വാഹന നിർമ്മാണം നിർബന്ധമായും നടത്തേണ്ടത്. മുമ്പ്, ബസ് നിർമ്മാതാക്കളുടെ സത്യവാങ്മൂലം മാത്രം ആശ്രയിച്ചായിരുന്നു രജിസ്‌ട്രേഷൻ.
എന്നാൽ ഓഗസ്റ്റ് മുതൽ കേന്ദ്ര സർട്ടിഫിക്കറ്റ് ഇല്ലാതെ പുതിയ കോച്ചുകൾക്ക് രജിസ്‌ട്രേഷൻ ലഭിക്കില്ല.
അംഗീകൃത ബസ് കോച്ച് നിർമാതാക്കൾ അവരുടെ മോഡലുകൾ പുണെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) വഴി കർശന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ബസ് അപകടത്തിൽപ്പെട്ടാൽ ഉണ്ടാകുന്ന കേടുപാട് വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്.
നിലവിൽ ഭൂരിഭാഗം നിർമ്മാതാക്കളും ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനകൾ നടത്തിയിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.