കൽപ്പറ്റ: ഉരുൾപൊട്ടൽ സമയത്ത് നിർമിച്ച ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ. ഇതേ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു.
പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയ നിലയിലാണ്. ഇതോടെ പാലം വഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ ചൂരല്‍മലയേയും – മുണ്ടക്കയത്തേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചത്. ജൂലൈ 31 ന് രാവിലെ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ആഗസ്റ്റ് ഒന്നിന് വൈകീട്ടോടെ പൂര്‍ത്തീകരിച്ച് ഇതുവഴി ഗതാഗതം ആരംഭിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് രണ്ടുദിവസമായി തുടരുന്നത്. മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് വിവരം.
ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.
എന്നാൽ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തി. അതേസമയം മുണ്ടക്കൈയില്‍ നിലവില്‍ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Summary: Cracks have appeared in multiple sections of the retaining wall of the Bailey bridge constructed at Chooralmala during the landslide. As a safety measure, travel across the bridge has been prohibited.









