പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രതിസന്ധികൾ മറികടന്ന് വടകരയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് സന്ദർശിക്കാനായി എത്തിയപ്പോൾ അത് അനുവദിക്കാതെ കൈ വെട്ടും കാല് വെട്ടും എന്ന ഭീഷണിയാണ് മുഴക്കുന്നതെന്നും എൽഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായതെന്നും ഷാഫി കൂട്ടിച്ചേർത്തു. ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സംസ്ഥാനത്ത് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിലാണ്. കുറ്റ്യാടിയിലെ 141- നമ്പർ ബൂത്തിൽ അവസാനത്തെ ആൾ രാത്രി 11.43നാണ് വോട്ട് ചെയ്തത്. വോട്ടിങ് അവസാനിക്കാൻ വൈകിയതിൽ വരണാധികാരിക്ക് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.