കൊല്ലത്ത് മുകേഷിനെ പറ്റി ചിന്തിക്കുകയെ വേണ്ട, ചിന്ത ജെറോം വരും
കൊച്ചി: കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണ ജയിച്ച എം. മുകേഷിനെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന സൂചനകൾ ശക്തമാകുന്നു. മുകേഷിന് പകരം പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകളിലാണ് സിപിഎം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാനും സിറ്റിങ് സീറ്റ് നിലനിർത്താനും ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കണമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.
ഇതോടെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി ചർച്ചകൾ ചൂടുപിടിക്കുകയാണ്.
2016ൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുകേഷ് നിയമസഭയിലെത്തിയിരുന്നു. 2021ലും സിപിഎം അദ്ദേഹത്തെ തന്നെ വീണ്ടും മത്സരിപ്പിച്ചെങ്കിലും ഭൂരിപക്ഷം 2,072 ആയി കുറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെ സ്ഥാനാർഥിയാക്കിയ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചു.
ഇതിന് പിന്നാലെ ഇനി മറ്റൊരു പരീക്ഷണത്തിന് സിപിഎം തയ്യാറാകുന്നില്ലെന്നാണ് സൂചന.
മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയതായാണ് വിലയിരുത്തൽ. സിറ്റിങ് സീറ്റ് കൈവിടാതിരിക്കാൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥി അനിവാര്യമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില ഇപ്പോഴും അനുകൂലമാണെന്ന ആത്മവിശ്വാസവും പാർട്ടിക്കുണ്ട്.
സ്ഥാനാർഥി പട്ടികയിൽ നിരവധി പേരുകളുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹനാണ് നിലവിൽ മുൻതൂക്കം നേടുന്നതെന്നാണ് സൂചന.
തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങളിൽ നല്ല സ്വാധീനമുള്ള വ്യക്തിയാണെന്നതും ജയമോഹന്റെ പേരിന് ബലം നൽകുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് വിവരം.
English Summary
The CPI(M) is likely to replace sitting MLA M. Mukesh in the Kollam Assembly constituency ahead of the upcoming elections. After electoral setbacks in local body polls and a heavy defeat in the 2024 Lok Sabha election, the party is keen on fielding a candidate with broader public acceptance. Mukesh’s legal controversies have also added to the party’s concerns. CPI(M) district acting secretary S. Jayamohan is said to be the frontrunner, with Chinta Jerome and former district panchayat president P.K. Gopan also under consideration.
cpim-may-drop-m-mukesh-from-kollam-assembly-seat
CPIM, M Mukesh, Kollam assembly seat, Kerala politics, candidate selection, Left Democratic Front, assembly election









