എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോൽവിയുടെ കാരണം ആഴത്തിൽ കണ്ടെത്താൻ സിപിഐഎം.
ഏരിയാതലത്തിൽ വിശദമായ പരിശോധന നടത്തി 22 ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന റിവ്യൂ റിപ്പോർട്ട് തയ്യാറാക്കാനാണ് സംസ്ഥാന കമ്മിറ്റി ജില്ലാ സെന്ററുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഗ്രാമ-നഗർ വ്യത്യാസമില്ലാതെ നേരിട്ട തിരിച്ചടിയുടെ കാരണം കണ്ടെത്തുക എന്നതാണ് ഈ അവലോകനത്തിന്റെ മുഖ്യലക്ഷ്യം.
ഓരോ ഏരിയയിലും തിരഞ്ഞെടുപ്പിന് മുമ്പ് എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തി, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുചേർക്കുന്ന പ്രവർത്തനം എത്രത്തോളം ഫലപ്രദമായിരുന്നു, പാർട്ടിക്കും മുന്നണിക്കും ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടുകളിൽ എത്ര എണ്ണം നഷ്ടമായി, എത്ര വാർഡുകളിൽ നവമാധ്യമ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിച്ചു തുടങ്ങിയ കാര്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോഷ്യൽ മീഡിയ വഴി നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേക പ്രചരണത്തിന്റെ ഭാഗമായി എത്ര ദേശാഭിമാനി പത്രം ചേർത്തു തുടങ്ങിയ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവുമായി ഈ വർഷത്തെ ഫലം താരതമ്യം ചെയ്യാനും നിർദ്ദേശമുണ്ട്. യുഡിഎഫിന്റെ പ്രവർത്തന രീതികളും ബിജെപിയുടെ നിലപാടുകളും വിലയിരുത്തണം.
അതോടൊപ്പം, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം തെരഞ്ഞെടുപ്പ് ഫലത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതും പരിശോധിക്കണം.
ഓരോ ഏരിയയിലും ഫലത്തെ ബാധിച്ച പ്രധാന ഘടകങ്ങൾ, സിപിഐഎമ്മിന്റെ ദൗർബല്യങ്ങൾ, ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി ഘടകങ്ങൾ നടത്തിയ ഇടപെടലുകൾ, വോട്ടിംഗ് പ്രവണതകൾ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ യുവജന പങ്കാളിത്തം എന്നിവയും വിശദമായി വിലയിരുത്തണം.
സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായ പിഴവുകൾ, അച്ചടക്ക നടപടികൾ വേണ്ടിവന്ന സാഹചര്യങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടണം.
22 ചോദ്യങ്ങൾക്കുമുള്ള വിശദമായ റിപ്പോർട്ട് ഏരിയ കമ്മിറ്റികൾ ജില്ലാ സെന്ററുകളിൽ സമർപ്പിക്കണം. ജില്ലാ സെന്ററുകൾ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ഇഴകീറി കണ്ടെത്തുന്നതിനൊപ്പം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രത പാലിക്കാൻ വേണ്ട മുന്നൊരുക്കമായാണ് സിപിഐഎം ഈ റിവ്യൂ റിപ്പോർട്ടിനെ കാണുന്നത്.
English Summary
The CPI(M) has decided to conduct an in-depth review of its unexpected defeat in the local body elections. The state committee has directed district centres to prepare detailed area-level reports answering 22 specific questions. The review will examine campaign preparations, voter list management, social media outreach, loss of expected votes, and comparisons with the 2020 local elections. It will also assess the performance of rival parties, the impact of other organizations, candidate selection issues, youth participation, and the effectiveness of communicating government welfare measures. The exercise aims not only to identify reasons for the defeat but also to prepare the party for the upcoming Assembly elections.
cpim-local-body-election-defeat-review-22-questions
CPI(M), local body elections, Kerala politics, election review, LDF, party analysis









