ന്യൂഡൽഹി : രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ച കോവിഡ് രോഗബാധയിൽ അനവധി പേരാണ് മരിച്ചത്. രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം വൈറസ് ബാധിച്ച് നൂറ് കണക്ക് ഡോക്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിൽ മരണത്തിന് കീഴ്പ്പെട്ടത് അങ്ങനെ മരണപ്പെട്ടവർക്ക് ധനസഹായവും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരം എത്ര ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് നഷ്ട്ടപരിഹാരം ലഭിച്ചുവെന്നത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കണ്ണൂരിൽ നിന്നുള്ള നേത്രരോഗ വിദഗ്ധനായ കെ വി ബാബുവാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. കേന്ദ്ര സർക്കാർ നൽകിയ കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങളിൽ ധനസഹായം ലഭിച്ചത് 29 ശതമാനത്തിന് മാത്രം. കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കണക്ക് കൃത്യമായി കൈയിലില്ലെന്ന് കേന്ദ്ര സർക്കാർ അപേക്ഷയിൽ സമ്മതിക്കുന്നു. രാജ്യത്തെ ഡോക്ടർമാരുടെ സംഘടനായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്ക് പ്രകാരം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 1500ഓളം ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചു. ഇതിൽ 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് മാത്രമേ കേന്ദ്രം വാഗ്ദാനം ചെയ്ത നഷ്ട്ടപരിഹാരം ലഭിച്ചിട്ടുള്ളു. ബാക്കിയുള്ള ഡോക്ടർമാരുടെ കുടുംബങ്ങൾ ഇപ്പോൾ ഇരുട്ടിൽ തന്നെയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് കോവിഡ് കാലത്ത് ജീവൻ പണയം വച്ച് ജോലിചെയ്ത ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. 2020 മാർച്ച് മാസത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. നവംബർ 21 ന് മറുപടി ലഭിച്ചു. 2023 ഒക്ടോബർ 23 വരെ ഡോക്ടർമാരുൾപ്പെടെ 2244 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 1122 കോടി രൂപ നൽകി.അതിൽ 475 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 237.5 കോടി രൂപയും 1769 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 884.5 കോടിരൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ 757 ഡോക്ടർമാർക്കും രണ്ടാം തരംഗത്തിൽ 839 ഡോക്ടർമാർക്കും ജീവൻ നഷ്ടമായി എന്നാണ് ഐഎംഎയുടെ കണക്ക്.