കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷയ്ക്കുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പറയുക. വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവം നടക്കുക.
2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.