കെ.എസ്.ആർ.ടിസി ഡ്രൈവറായ യദുവും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള കേസിൽ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ തുടർവാദം ചൊവ്വാഴ്ച കോടതി പരിഗണിച്ചു.
കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്ന് യദു ആവശ്യപ്പെടുന്നു. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്.
മേയർക്കെതിരെ താൻ കൻറോൺമെൻറ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണമില്ലെന്നും എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നുമാണ് പരാതിയിൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
ഏപ്രിലിൽ പാളയത്ത് വെച്ച് നടുറോഡിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ഈ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് യദു പൊലീസിൽ പരാതി നൽകി. കേസെടുക്കാൻ പൊലീസ് തയ്യാറാകാതെ വന്നതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലോടെയാണ് പരാതിയിൽ കേസ് വന്നത്.
English summary :Court supervision is required in the investigation ; Judgment on Yadu’s petition in the case with the Mayor is today