അതുല്യയുടെ മരണം; സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി
കൊല്ലം: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി.
മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
കേസില്‍ പ്രോസിക്യൂഷൻ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടി ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നു.
ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അതുല്യയെ താമസിച്ച സ്ഥലത്ത് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സംസാരിച്ച അതുല്യ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അതുല്യയുടെ സഹോദരി അഖിലയുടെ ചോദ്യം.
ഫ്ലാറ്റിൽ തീപിടിത്തം; ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം
കോട്ട: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ടെലിവിഷൻ ബാലതാരവും സഹോദരനും മരിച്ചു. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മയുമാണ് മരിച്ചത്.
രാജസ്ഥാനിലെ കോട്ടയിലായിരുന്നു ദാരുണ സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു ഇരുവരുടെയും മരണം സംഭവിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫ്ലാറ്റിൽ തീപിടിത്തം ഉണ്ടായത്. ഈ സമയം സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.
അമ്മ നടി റീത്ത ശർമ്മ മുംബൈയിലുമായിരുന്നു.പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ് അപകടം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് അറിയിച്ചു.
ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഞായറാഴ്ച രാവിലെ സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്പി തേജേശ്വനി ഗൗതം അറിയിച്ചു.
ഫ്ലാറ്റിലെ ഡ്രോയിംഗ് റൂമിലാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചതായും പൊലീസ് പറഞ്ഞു.
Summary: Kollam court cancels the anticipatory bail of Satheesh, husband of Athulya, who was found dead under mysterious circumstances in Sharjah.









