കാഞ്ഞങ്ങാട്: എ.ടി.എം കാർഡിന്റെ പിൻ നമ്പർ മാറാനെത്തിയ ദമ്പതികൾക്ക് എ.ടി.എമ്മിൽനിന്ന് ലഭിച്ചതാകട്ടെ പണം. അതും ഒന്നും രണ്ടുമല്ല 20,000 രൂപ. സത്യസന്ധരായ ദമ്പതികൾ ഉടൻ തന്നെ പണം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അജാനൂർ ഇട്ടമ്മലിലെ പെയിന്റിങ് തൊഴിലാളി അയ്യൂബിനും ഭാര്യ ഫരീദയ്ക്കുമാണ് പണം ലഭിച്ചത്.
ഹോസ്ദുർഗ് ടി.ബി റോഡിലെ എസ്.ബി.ഐയുടെ പ്രധാന ബ്രാഞ്ചിനോടുചേർന്നുള്ള എ.ടി.എം കൗണ്ടറിൽനിന്നുമാണ് ഞായറാഴ്ച രാവിലെ പണം കിട്ടിയത്. ഭർത്താവിന്റെ അക്കൗണ്ടിൽനിന്ന് വന്ന പണമാകാം എന്ന് കരുതി ഫരീദ പണമെടുത്തു.
പക്ഷെ അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം തങ്ങളുടേതല്ലെന്ന കാര്യം മനസ്സിലാക്കുന്നത്. ഞായറാഴ്ച ബാങ്ക് അവധി ദിവസം ആയതിനാൽ ഉടൻ തന്നെ പണം തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസിൽ ഏൽപ്പിച്ച് ദമ്പതികൾ മാതൃകയായി.