ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്നു നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.Counting of votes for Jammu and Kashmir and Haryana assembly elections is just minutes away
രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്.
ഹരിയാനയില്‍ 90 സീറ്റിലേക്ക് 1031 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 101 സ്ത്രീകളും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി (ലാധ്വ മണ്ഡലം), മന്ത്രി അനില്‍ വിജ് ( അംബാല കാന്റ്), കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ (ഗാര്‍ഹി സാംപ്ല-കിലോയി), മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ( ഉച്ചന കാലാന്‍), കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് (ജുലാന) തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
ജമ്മു കശ്മീരില്‍ 90 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്നുഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുമ്പോള്‍, പിഡിപിയും ബിജെപിയും തനിച്ചാണ് ജനവിധി തേടുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഹരിയാന കോണ്‍ഗ്രസ് നേടുമെന്നും, കശ്മീരില്‍ തൂക്കു നിയമസഭ നിലവില്‍ വരുമെന്നുമാണ് പ്രവചനം.