ഡൽഹി: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും.
ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില 500 ൽ നിന്ന് 550 ആയും ഉജ്ജ്വല അല്ലാത്തവർക്ക് 803 ൽ നിന്ന് 853 ആയും ആണ് വില കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും വിർധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു കൂട്ടിയത്.
അതേസമയം രാജ്യത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്.