സിഖ് വിരുദ്ധ കലാപത്തിനോടാനുബന്ധിച്ച് അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ച് ഡൽഹി വിചാരണ കോടതി. കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ കുമാർ. സ്പെഷൽ ജഡ്ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്.
ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ 1ന് ജസ്വന്ത് സിങ്ങിനെയും മകൻ തരുൺ ദീപ് സിങ്ങിനെയും തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തു എന്നതാണ് കേസ്.
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചു സജ്ജൻ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനീഷ് റാവത്ത് കോടതിയെ ധരിപ്പിച്ചിരുന്നു.
എന്നാൽ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.









